ബഫർസോൺ; നിർമ്മാണ നിരോധനം പ്രായോഗികമല്ലെന്ന് സുപ്രീം കോടതി
ബഫർസോൺ പരിധിക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ നിയന്ത്രണം പറ്റില്ലെന്ന് സുപ്രീം കോടതി ഇന്നലെ നിരീക്ഷിച്ചു. ബഫർ സോണിലെ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ട് കഴിഞ്ഞ ജൂണിൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അമിക്കസ് ക്യൂറി കെ പരമേശ്വർ ഇത് ചൂണ്ടിക്കാട്ടിയപ്പോൾ സമ്പൂർണ നിയന്ത്രണം പറ്റില്ലെന്ന് ജസ്റ്റിസ് ബി ആർ ഗവായ് ഉൾപ്പെടുന്ന ബെഞ്ച് പ്രതികരിച്ചു. നിർമ്മാണ നിരോധനം ജനങ്ങളുടെ തൊഴിൽ, ടൂറിസം എന്നിവയെ ബാധിക്കുമെന്നു, ഖനനം പോലുള്ള നിരോധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് വിധിയിൽ പരാമർശിച്ചിരുന്നതെന്നും ജസ്റ്റിസ് ബി ആർ ഗവായ് പറഞ്ഞു.
2011 ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും വന്യജീവി സങ്കേതങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോണാക്കി മാറ്റണമെന്നുമായിരുന്നു കഴിഞ്ഞ ജൂൺ മൂന്നിന് സുപ്രീം കോടതി നൽകിയ നിർദേശം.
തമിഴ്‌നാട്ടിലെ നീലഗിരി വനഭൂമികൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിലമ്പൂർ സ്വദേശിയായ ടി എൽ ഗോദവർമൻ തിരുമുൽപ്പാട് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനും ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചെ് വിധി പുറപ്പെടുവിച്ചത്. 2016 ൽ ഗോദവർമൻ തിരുമുൽപ്പാട് മരണപ്പെട്ടെങ്കിലും ഹർജിയുമായി സുപ്രീം കോടതി മുന്നോട്ടു പോകുകയായിരുന്നു.